ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാരക്കരാർ രാജ്യത്തെ കർഷകരുടെ താത്പര്യങ്ങളെ ബാധിക്കുമെന്ന് രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ.
പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ സർക്കാരിൽനിന്നല്ലാതെ അമേരിക്കൻ പ്രസിഡന്റിൽനിന്നു കരാറിനെപ്പറ്റി അറിയേണ്ടിവന്നത് ഇന്ത്യൻ പാർലമെന്റിനോടുള്ള അപമാനമാണെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള മറുപടിചർച്ചയിൽ പങ്കെടുത്തു സംസാരിക്കവെ ഖാർഗെ ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായുള്ള വ്യാപാരക്കരാറിനു കീഴിൽ അമേരിക്ക ഇന്ത്യയിലേക്ക് കൂടുതൽ കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്ന അമേരിക്കൻ കാർഷികമേഖല സെക്രട്ടറി ബ്രുക്ക് റോളിൻസിന്റെ പരാമർശം ചൂണ്ടിക്കാട്ടി കരാറിലൂടെ അമേരിക്കൻ കർഷകർക്കാണു പ്രയോജനമുണ്ടാകുന്നതെന്ന് ഖാർഗെ പറഞ്ഞു.
കരാറിലൂടെ ചെറുകിട കർഷകർക്കു മേൽ സമ്മർദമുണ്ടാകുമെന്നും വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) സംവിധാനത്തെ ബാധിക്കുമെന്നും കോണ്ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.